ആലപ്പുഴ: അരൂരിൽ അരക്കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് ഫറൂക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോനാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലീസും ചേർന്ന് അരൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ച് ലഹരിവിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്രീമോൻ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.